National
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള 1.3 കോടി കുറ്റവാളികളുടെയും കുറ്റവാളികളെന്നു സംശയിക്കപ്പെടുന്നവരുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയ കേന്ദ്രീകൃത ഡാറ്റാബേസ് ആയ നാഷണൽ ഓട്ടോമേറ്റഡ് ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ സിസ്റ്റവുമായി നേരിട്ടു ബന്ധിപ്പിച്ചുകൊണ്ടുള്ള മൊബൈൽ ആപ്ലിക്കേഷൻ കേന്ദ്രസർക്കാർ പുറത്തിറക്കി.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) വികസിപ്പിച്ചെടുത്ത ‘അഭിജ്ഞാൻ’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചു പോലീസിന് ഇനിമുതൽ സംശയാസ്പദമായ സാഹചര്യത്തിൽ വ്യക്തികളുടെ വിരലടയാളം സ്മാർട്ട്ഫോണുകളുമായി ഘടിപ്പിച്ച പോർട്ടബിൾ സ്കാനറുകൾ വഴി ശേഖരിച്ച് വെറും 35 സെക്കൻഡുകൾക്കുള്ളിൽ അവരുടെ ക്രിമിനൽ പശ്ചാത്തലം തത്സമയം പരിശോധിക്കാൻ സാധിക്കും.
രാജ്യത്തെ ക്രമസമാധാനപാലനവും കുറ്റാന്വേഷണവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള നീക്കമാണിതെന്ന് ‘അഭിജ്ഞാൻ’ ആപ്ലിക്കേഷൻ പുറത്തിറക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
നിലവിൽ പോലീസ് സ്റ്റേഷനുകളിൽ മാത്രം ലഭ്യമായിരുന്ന ഈ സൗകര്യം ഇനിമുതൽ സാധാരണ പരിശോധനയ്ക്കായി ഫീൽഡിലുള്ള പോലീസ് ഉദ്യോഗസ്ഥരിലേക്കും എത്തും.
സുരക്ഷിതമായ ടു-സ്റ്റെപ്പ് വെരിഫിക്കേഷനിലൂടെ പ്രവർത്തിക്കുന്ന ഈ ആപ് വഴി മയക്കുമരുന്ന് മാഫിയകൾ, മനുഷ്യക്കടത്ത് കേസുകളിലെ പ്രതികൾ എന്നിവരുൾപ്പെടെയുള്ള ദശലക്ഷക്കണക്കിന് കുറ്റവാളികളുടെ റെക്കോർഡുകൾ വേഗത്തിൽ പരിശോധിക്കാൻ പോലീസിനു സാധിക്കും. സാധാരണക്കാർക്ക് ഈ ആപ്ലിക്കേഷന്റെ സൗകര്യം ലഭ്യമാകില്ല.
Business
കൊച്ചി: പ്രമുഖ വാഹനനിര്‍മാതാക്കളായ മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്യുവി മോഡലായ ഥാര്‍ റോക്സ് സ്റ്റാര്‍ എഡിഷന് വിപണിയിലെത്തി. അധിക കരുത്തും അത്യാധുനിക ആഡംബര സൗകര്യങ്ങളുമായാണ് ഥാര്‍ റോക്സ് സ്റ്റാര്‍ എഡിഷന്റെ പ്രത്യേകത.
17.19 ലക്ഷം രൂപ മുതലാണ് പ്രാരംഭ എക്സ് ഷോറൂം വില. വൈവിധ്യമാര്‍ന്ന മാറ്റങ്ങളോടെയാണു ഥാര്‍ റോക്സ് സ്റ്റാര്‍ എഡിഷന് രൂപകല്പന ചെയ്തിരിക്കുന്നത്.
മുന്‍വശത്തെ പിയാനോ ബ്ലാക്ക് ഗ്രില്ലും പിയാനോ ബ്ലാക്ക് ഫിനിഷിലുള്ള അലോയ് വീലുകളും വാഹനത്തിന് കൂടുതല്‍ സ്പോര്‍ട്ടി ലുക്ക് നല്കുന്നു. പ്രീമിയം ലുക്ക് നല്കുന്ന തരത്തില്‍ ബ്ലാക്ക് ലെതറെറ്റ് സീറ്റുകളും അതില്‍ത്തന്നെ സ്വീഡ് ആക്സന്ററുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാര്‍ക്ക് ആകാശക്കാഴ്ചകള്‍ കാണാന്‍ വിശാലമായ പനോരമിക് സ്കൈ റൂഫും സജ്ജീകരിച്ചിട്ടുണ്ട്. എവറസ്റ്റ് വൈറ്റ്, സിട്രൈന്‍ യെല്ലോ, ടാംഗോ റെഡ് എന്നീ മൂന്നു നിറങ്ങളില്‍ വാഹനം ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും തിരുവനന്തപുരം മുട്ടത്തറയിലെ പ്രമുഖ മഹീന്ദ്ര ഡീലറായ സിബിസി മഹീന്ദ്ര ഷോറൂമുമായി ബന്ധപ്പെടുക. ഫോണ്‍ : 8089101555, 8089164555.
Business
കൊച്ചി: ഫൈൻഡ് എക്സ്9 എസ്, ഫൈൻഡ് എക്സ്9 അൾട്ര എന്നീ പ്രീമിയം സ്മാർട്ട്ഫോൺ സീരീസ് ഒപ്പോ ഇന്ത്യ അവതരിപ്പിച്ചു.
അത്യാധുനിക ഇമേജിംഗ് സാങ്കേതികവിദ്യയും എഐ അനുഭവങ്ങളും ഉൾക്കൊള്ളുന്നതാണ് പുതിയ സീരീസ്.
മികച്ച ഫോട്ടോഗ്രഫിക്കും കണ്ടന്റ് ക്രിയേറ്റർമാർക്കുമായി രൂപകല്പന ചെയ്ത ഫോണുകളിൽ ഹാസൽബ്ലാഡ് കാമറാസംവിധാനവും കളർ ഒഎസ് 16 അധിഷ്ഠിത എഐ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫൈൻഡ് എക്സ്9 എസ് മോഡലുകളുടെ വില 79,999 രൂപയിൽ ആരംഭിക്കുന്നു.
District News
സുൽത്താൻ ബത്തേരി: പൂമല മക്ളോഡ്സ് ഇംഗ്ലീഷ് സ്കൂളിന്റെ മൊബൈൽ ആപ്പ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ലോഞ്ച് ചെയ്തു.സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും മാനേജ്മെന്റിനും കുട്ടികൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിലാണ് ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ബ്രിട്ടീഷ് കൗണ്‍സിൽ അംഗീകാരമുള്ള സംസ്ഥാനത്തെ ചുരുക്കം ചില സ്കൂളുകളുടെ ഗണത്തിൽ ഉൾപ്പെടുന്ന മക്ളോഡ്സ് ഇംഗ്ലീഷ് സ്കൂൾ ജില്ലയിൽ ഈ നേട്ടം കൈവരിക്കുന്ന ഏക വിദ്യാലയമായി മാറി. കിഡ്സ് ജിം, പ്ലേ തെറാപ്പി, മുഴുവൻ സമയ വെൽനസ് ടീം സേവനം എന്നിവയിലൂടെ കുട്ടികളുടെ കായികമാനസിക ആരോഗ്യം ഇവിടെ ഉറപ്പുവരുത്തുന്നു.
അടുത്ത അധ്യയന വർഷം സീനിയർ സെക്കൻഡറി വിഭാഗം ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂൾ കാന്റീൻ നിർമാണം, ഗ്രൗണ്ട് നവീകരണം, വിവിധ പരീക്ഷണശാലകൾ എന്നിവയുടെ നവീകരണം പൂർത്തിയാക്കി. റോബോട്ടിക്സ്, നിർമിത ബുദ്ധി എന്നിവയിൽ വിദഗ്ധ പരിശീലന സൗകര്യവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
പ്രിൻസിപ്പൽ ജേക്കബ് സെബാസ്റ്റ്യൻ, സ്കൂൾ കോഓർഡിനേറ്റർ ധനേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. അഡ്മിനിസ്ട്രേറ്റർ എ. ഗംഗാധരൻ, പിടിഎ വൈസ് പ്രസിഡന്റ് ഗ്ലാഡി ജിനേഷ്, സ്റ്റാഫ് സെക്രട്ടറി എൻ.ജി. ശ്രീജിത, വിദ്യാർഥികളായ അദീന അഷറഫ്, സമീഹ ഷിംജിത്, ശ്രീനിധി ശ്രീകാന്ത്, ലനിക മെഹറിഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Business
കൊച്ചി: ഐക്യുവിന്റെ പുതിയ സ്മാർട്ട്ഫോൺ ഐക്യു ഇസഡ് 11 എക്സ് അവതരിപ്പിച്ചു. മീഡിയടെക് ഡിമെൻസിറ്റി 7400 ടർബോ പ്രോസസറാണു പ്രധാന സവിശേഷത.
7200എംഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയും 44 വാട്സ് ഫ്ലാഷ് ചാർജ് സപ്പോർട്ടും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 50 മെഗാപിക്സൽ സോണി എഐ അധിഷ്ഠിത കാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒഎസ് 6 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണു പ്രവർത്തിക്കുന്നത്. 17,499 മുതലാണു വില.
District News
കൊച്ചി: 55-ാമത് ദേശീയ സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി അസറ്റ് ഹോംസ് സുരക്ഷാ കാന്പയിൻ സംഘടിപ്പിച്ചു. അപകടകരഹിതമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ടുള്ള വണ്‍ ടീം വണ്‍ മിഷന് സീറോ ഹാം കാന്പയിൻ ലോഗോ ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് വകുപ്പ് ഡയറക്ടര്‍ പ്രമോദ് പുഷ്കരന് പ്രകാശനം ചെയ്തു.
അസറ്റ് ഹോംസിന്റെ നിര്‍മാണം പുരോഗമിക്കുന്ന 33ലേറെ വരുന്ന പ്രോജക്ട് സൈറ്റുകളിലെ സുരക്ഷാവാര പരിപാടികള്‍ അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
വാരാചരണത്തിന്റെ ഭാഗമായി കമ്പനിയുടെ വിവിധ ജില്ലകളിലുള്ള സൈറ്റുകളിലും ഓഫീസുകളിലും സുരക്ഷാപരിപാലന ഡെമോണ്‍സ്ട്രേഷനുകളും നടത്തി. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ കേരള ചാപ്റ്റര്‍ സെക്രട്ടറി എ.എല്‍. ജാക്സണ് പരിശീലനം നല്കി.
Business
കൊച്ചി: വിവോ പുതിയ വൈ51 പ്രൊ 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. 7200 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയും 44 വാട്ട് വേഗ ചാർജിംഗ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
വീഡിയോ, ഗെയിമിംഗ്, ഇന്റർനെറ്റ് ബ്രൗസിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾക്കു ദീർഘകാല ഉപയോഗം ഉറപ്പാക്കുന്നതാണ് ഈ സംവിധാനം. ഉപകരണത്തിനു ശക്തി നൽകുന്നത് മീഡിയ ടെക് ഡിമെൻസിറ്റി 7360 ടർബോ പ്രോസസറാണ്.
ഫോണിൽ 8 ജിബി റാം ലഭ്യമാകുന്നതോടൊപ്പം എക്സ്റ്റെൻഡഡ് റാം സൗകര്യവും നൽകിയിട്ടുണ്ട്. 24,999 രൂപ മുതലാണ് വില.
Kerala
തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്കുള്ള ട്രാൻസ്പ്ലാന്റ് മരുന്നുകൾ സീറോ പ്രോഫിറ്റ് കൗണ്ടറുകൾ മുഖേന ഏറ്റവും വില കുറവിൽ ലഭ്യമാക്കുന്ന പദ്ധതി തുടങ്ങി.
തെരഞ്ഞെടുത്ത 14 കാരുണ്യ ഫാർമസികളിലായി പ്രവർത്തിക്കുന്ന ‘കാരുണ്യസ്പർശം’-സീറോ-പ്രോഫിറ്റ് കൗണ്ടറുകൾ മുഖാന്തിരമാണ് ഈ മരുന്നുകൾ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിർവഹിച്ചു.
മെഡിക്കൽ കോളജ് ആശുപത്രി തിരുവനന്തപുരം, ഗവ. വിക്ടോറിയ ആശുപത്രി കൊല്ലം, ജനറൽ ആശുപത്രി പത്തനംതിട്ട, മെഡിക്കൽ കോളജ് ആശുപത്രി ആലപ്പുഴ, മെഡിക്കൽ കോളജ് ആശുപത്രി കോട്ടയം, താലൂക്കാശുപത്രി നെടുങ്കണ്ടം, ജനറൽ ആശുപത്രി എറണാകുളം, മെഡിക്കൽ കോളജ് ആശുപത്രി തൃശൂർ, ജില്ലാ ആശുപത്രി പാലക്കാട്, തിരൂർ, മെഡിക്കൽ കോളജ് കോഴിക്കോട്, ജില്ലാ ആശുപത്രി മാനന്തവാടി, മെഡിക്കൽ കോളജ് പരിയാരം, ജനറൽ ആശുപത്രി കാസർഗോഡ് എന്നിവിടങ്ങളിലെ കാരുണ്യ കമ്യൂണിറ്റി ഫാർമസികൾ വഴിയാണ് മരുന്നുകൾ വിതരണം ചെയ്യുന്നത്.
Business
കൊച്ചി: ജിയോ ഫിനാന്‍ഷല്‍ സര്‍വീസസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ജിയോ ഫിനാന്‍സ് പ്ലാറ്റ്ഫോം ആന്‍ഡ് സര്‍വീസ് മാറ്റങ്ങളോടെ പുത്തന്‍ ജിയോ ഫിനാന്‍സ് ആപ്പ് അവതരിപ്പിച്ചു.
പുതിയ ആപ്പ് ആദ്യഘട്ടത്തില്‍ ഉപയോഗിക്കാനും നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കാനും ഉപയോക്താക്കള്‍ക്ക് അവസരം നല്കുന്ന ഫിന്സൈഡര് എന്ന എക്സ്ക്ലൂസീവ് ഏര്‍ലി ആക്സസ് പ്രോഗ്രാമും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.
ഉപഭോക്താവിന്റെ ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ സാമ്പത്തിക ഇടപാടുകളെ കൂടുതല്‍ ലളിതവും വ്യക്തിഗതവുമാക്കുകയാണ് ജിയോ ഫിനാന്‍സ് ലക്ഷ്യമിടുന്നതെന്ന് ജിയോ ഫിനാന്‍ഷല്‍ സര്‍വീസസ് എംഡിയും സിഇഒയുമായ ഹിതേഷ് സേത്തിയ പറഞ്ഞു.
ഹോം ലോണ്‍, പഴ്സണല്‍ ലോണ്‍, ഇന്‍ഷ്വറന്‍സ്, യുപിഐ, ജിയോ ബ്ലാക്ക്റോക്ക് മ്യൂച്വല്‍ ഫണ്ട്, ഡിജിറ്റല്‍ ഗോള്‍ഡ്, ടാക്സ് പ്ലാനിംഗ് തുടങ്ങി എല്ലാ സാമ്പത്തിക സേവനങ്ങളും ഉള്‍ക്കൊള്ളുന്ന വിപുലമായ ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റ്പ്ലേസാണ് ജിയോ ഫിനാന്‍സ് ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമേ, മെച്ചപ്പെട്ട ലാഭം നല്കുന്ന ഓട്ടോമേറ്റഡ് ലിക്വിഡിറ്റി മാനേജ്മെന്റോടു കൂടിയ നൂതന സേവിംഗ്സ് അക്കൗണ്ടും ആപ്പിലുണ്ട്.
ഫിന്സൈഡറാകാന് താല്പര്യമുള്ളവര്ക്ക് https://bharat.jiofina nce.in/ എന്ന വെബ്സൈറ്റ് വഴിയോ പ്ലേസ്റ്റോര്‍ /ആപ്പ് സ്റ്റോര്‍ വഴിയോ ഫിന്സൈഡര് പ്രോഗ്രാമില്‍ പങ്കാളികളാകാം.
Kerala
തിരുവനന്തപുരം: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് ലിമിറ്റഡ് (കോസ്ടെക്) നിർമിച്ച കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് സൈക്കിളായ കെ - ഇ സൈക്കിളിന്റെ ഔദ്യോഗിക ലോഞ്ച് തിരുവനന്തപുരത്ത് നടന്നു.
കോ-ഓപ്പറേറ്റീവ് യൂണിയൻ ചെയർപേഴ്സൺ എൻ കോലിയക്കോട് കൃഷ്ണൻ നായർ കെ - ഇ സൈക്കിളിന്റെ ലോഞ്ച് ട്രിവാൻഡ്രം ക്ലബിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു.
തിരുവനന്തപുരം റോട്ടറി ക്ലബിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ തെരഞ്ഞെടുത്ത പത്ത് വിദ്യാർഥിനികൾക്ക് കെ - ഇ സൈക്കിൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും നടന്നു. കെ - ഇ സൈക്കിൾ ലോഗോയും ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രഫ. ഇ. കുഞ്ഞിരാമൻ, ആന്റണി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
Business
തൃശൂർ: കുടുംബശ്രീ ഉത്പന്നങ്ങളെ റീട്ടെയിൽ നെറ്റ്വർക്കിലേക്ക് എത്തിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്കു രണ്ടിനു പൂങ്കുന്നം സെന്ററിൽ പ്രവർത്തിക്കുന്ന ഹരിത സൂപ്പർ മാർക്കറ്റിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിക്കും.
സ്ത്രീശക്തീകരണവും വിവിധ ഉപജീവനപദ്ധതികളും ശക്തിപ്പെടുത്തുന്നതിനായി കുടുംബശ്രീ മിഷനു കീഴിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിനു സംരംഭകർ നിർമിക്കുന്ന വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ഇതിലൂടെ റീട്ടെയിൽ വിപണിയിലേക്കെത്തും.
ഗുണമേന്മയും വിശ്വാസ്യതയും ഉറപ്പുള്ള കുടുംബശ്രീ ഉത്പന്നങ്ങൾ ഇനിമുതൽ റീട്ടെയിൽ, ഹൈപ്പർ, സൂപ്പർ മാർക്കറ്റുകളിൽ മറ്റ് പ്രമുഖ ബ്രാൻഡുകളുമായി കിടപിടിക്കുന്ന രീതിയിൽ വിപണനം ചെയ്യപ്പെടും.
ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെ കുടുംബശ്രീ ഉത്പന്നങ്ങളെ വിപുലമായ റീട്ടെയിൽ നെറ്റ്വർക്കിലേക്ക് എത്തിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ സ്ത്രീസംരംഭകർക്കു സ്ഥിരവരുമാനവും വിപണിവ്യാപനവും ഉറപ്പാക്കുന്നതോടൊപ്പം പ്രാദേശിക ഉത്പന്നങ്ങൾക്കു കൂടുതൽ ബ്രാൻഡ് മൂല്യം സൃഷ്ടിക്കപ്പെടും.
Business
കൊച്ചി: പാൻക്രിയാസ് രോഗങ്ങളുടെ സമഗ്ര ചികിത്സയ്ക്കായി രാജ്യത്തെ ആദ്യത്തെ പാൻക്രിയാസ് ഇൻസ്റ്റിറ്റ്യൂട്ട് ആലുവ രാജഗിരി ആശുപത്രിയിൽ ആരംഭിച്ചു. രാജഗിരി ഉദര രോഗവിഭാഗം രണ്ടു വർഷത്തിലൊരിക്കൽ നടത്താറുള്ള ലൈറ്റ് അപ്ഡേറ്റ് അന്തർദേശീയ സമ്മേളനവേദിയിലായിരുന്നു ഉദ്ഘാടനം.
യുണൈറ്റഡ് യൂറോപ്യൻ ഗാസ്ട്രോ എന്ററോളജി പ്രസിഡന്റും സ്വീഡൻ കരോളിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസറുമായ ഡോ. മത്തിയാസ് ലോർ ഉദ്ഘാടനം നിർവഹിച്ചു. രാജഗിരി സെന്റർ ഓഫ് എക്സലൻസ് ഇൻ ഗാസ്ട്രോ എന്ററോളജിയുടെ ഭാഗമായാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിളളി അധ്യക്ഷത വഹിച്ചു.
രാജഗിരി ഉദരരോഗ വിഭാഗം ഡയറക്ടർ ഡോ. ഫിലിപ്പ് അഗസ്റ്റിനും സഹപ്രവർത്തകരും ചേർന്നു തയാറാക്കിയ ഡിസീസസ് ഓഫ് പാൻക്രിയാസ് എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. ഡച്ച് പാൻക്രിയാറ്റൈറ്റിസ് ഗ്രൂപ്പിന്റെ അധ്യക്ഷ ഡോ. ജീനിൻ വാൻ ഹൂഫ്റ്റ് പ്രകാശനം നിർവഹിച്ചു. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റ് വിഭാഗം തലവൻ ഡോ. എസ്. സുധീന്ദ്രൻ ആദ്യപ്രതി ഏറ്റുവാങ്ങി.
1980 മുതൽ പാൻക്രിയാസ് രോഗ ചികിത്സയിൽ പ്രാവീണ്യം തെളിയിച്ച തങ്ങളുടെ ശ്രദ്ധേയമായ ഒരു പുതിയ കാൽവയ്പാണു പാൻക്രിയാസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആരംഭമെന്ന് ഡോ. ഫിലിപ്പ് അഗസ്റ്റിൻ അറിയിച്ചു.
Business
കൊച്ചി: ഇന്ത്യയിലെ വളർന്നുവരുന്ന സംരംഭകരെ തിരിച്ചറിയാനും ശക്തീകരിക്കാനും ലക്ഷ്യമിട്ട് ഐബിഎമ്മിന്റെ സംരംഭമായ ഐബിഎം ക്യു2ഡി ആരംഭിച്ചു.
വിദ്യാർഥികളുടെ സ്റ്റാർട്ടപ്പുകൾ വികസിപ്പിക്കാനും നിക്ഷേപ അവസരങ്ങൾ സുഗമമാക്കാനും നൂതന ആശയങ്ങൾ വിജയകരമായ ബിസിനസുകളാക്കി മാറ്റാനും ഈ സംരംഭം സഹായിക്കും.
Business
കൊച്ചി: ഷവോമി ഇന്ത്യ റെഡ്മി നോട്ട് 15 5ജി സ്മാർട്ട്ഫോണും റെഡ്മി പാഡ് 2 പ്രോ ടാബ്ലെറ്റും അവതരിപ്പിച്ചു.
മിഡ്-പ്രീമിയം ശ്രേണിയിലാണ് പുതിയ ഉത്പന്നങ്ങൾ. റെഡ്മി നോട്ട് 15 5ജിക്ക് 108 എംപി ഒഐസ് കാമറ, സ്നാപ്ഡ്രാഗൺ 6 ജൻ 3 പ്രോസസർ, ഐപി66 റേറ്റിംഗ്, 5520 എംഎഎച്ച് ബാറ്ററി എന്നിവയാണു പ്രധാന സവിശേഷതകൾ.
റെഡ്മി പാഡ് 2 പ്രൊയിൽ, സ്നാപ് ഡ്രാഗൺ 7എസ് ജൻ 4 ചിപ്സെറ്റ്, ഡോൾബി അറ്റ്മോസ് പിന്തുണയുള്ള ക്വാഡ് സ്പീക്കറുകൾ, 12,000 എംഎഎച്ച് ബാറ്ററി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇരു ഡിവൈസുകളും ഷാവോമി ഹൈപ്പർ ഒഎസ് 2ൽ പ്രവർത്തിക്കുന്നു. റെഡ്മി നോട്ട് 15 5ജി യുടെ വില 22,999 മുതലും റെഡ്മി പാഡ് 2 പ്രൊയുടെ വില 24,999 മുതലുമാണ് ആരംഭിക്കുന്നത്.
International
ന്യൂയോർക്ക്/വാഷിംഗ്ടൺ ഡിസി: യുഎസിൽ സ്ഥിരതാമസത്തിനു സഹായിക്കുന്ന ‘ട്രംപ് ഗോൾഡ് കാർഡ്’ വീസ പദ്ധതി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്തിറക്കി. വൈറ്റ്ഹൗസിലെ റൗണ്ട്ടേബിൾ യോഗത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
10 ലക്ഷം യുഎസ് ഡോളർ നൽകി ഇത് സ്വന്തമാക്കുന്ന കുടിയേറ്റക്കാർക്ക് അവരുടെ വീസ അപേക്ഷ വേഗത്തിലാക്കാവുന്നതാണ്. വിദേശ തൊഴിലാളികളെ സ്വന്തം രാജ്യങ്ങളിലേക്കു തിരിച്ചയയ്ക്കാതെ നിലനിർത്താൻ ആഗ്രഹിക്കുന്ന കന്പനികൾക്ക് 20 ലക്ഷം ഡോളർ നൽകി ഇത് സാധ്യമാക്കാം.
അമേരിക്കൻ കോളജുകളിൽനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടിവരുന്നത് നാണക്കേടാണെന്നും ട്രംപ് പറഞ്ഞു.
trumpcard.gov എന്ന വെബ്സൈറ്റും പ്രവർത്തനസജ്ജമായിട്ടുണ്ട്. സൈറ്റിൽനിന്ന് അമേരിക്കൻ കന്പനികൾക്ക് ഗോൾഡൻ കാർഡ് വാങ്ങാവുന്നതാണ്. യുഎസിലെ മികച്ച യൂണിവേഴ്സിറ്റികളിൽ നിന്ന് പുറത്തിറങ്ങുന്നവരെ ധൈര്യമായി നിയമിക്കാൻ സാധിക്കുന്നില്ലെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് അടക്കമുള്ളവർ തന്നോട് പറയുകയുണ്ടായി. ആ പ്രശ്നം പരിഹരിച്ചിരിക്കുന്നു.
ഗോൾഡൻ കാർഡിലൂടെ ബില്യൺ കണക്കിന് ഡോളറും നാം നേടും. ഇതെല്ലാം രാജ്യത്തിനു വേണ്ടി ഉപയോഗിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, പുതിയ സേവനമുപയോഗിച്ച് എത്തുന്നവരെ കർശനപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാകും രാജ്യത്തിന്റെ ഭാഗമാകാൻ അനുവദിക്കുകയെന്ന് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുറ്റ്നിക് അറിയിച്ചു.
NRI
മനാമ: പ്രിയദർശിനി പബ്ലിക്കേഷൻസ് ബഹറിൻ ചാപ്റ്ററിന്റെ ആദ്യ പ്രസിദ്ധീകരണമായ സുനിൽ തോമസ് റാന്നിയുടെ യാത്രാവിവരണം "ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്' എന്ന പുസ്തകത്തിന്റെ ജിസിസി തല പ്രകാശന കർമം നിർവഹിച്ചു.
ബഹറിൻ കേരളീയ സമാജത്തിൽ പ്രിയദർശിനി ബഹറിൻ ചാപ്റ്റർ കോഓർഡിനേറ്റർ എം.എസ്. സൈദിന്റെ അധ്യക്ഷതയിൽ ബഹറിൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയാണ് നിർവഹിച്ചത്.
പുസ്തകത്തിന്റെ ആദ്യ കോപ്പി സ്വീകരിച്ചത് യാത്ര ഏറെ ഇഷ്ടപെടുന്ന ഐസിആർഎഫ് മുൻ ചെയർമാൻ അരുൾദാസ് തോമസാണ്. ബഹറിൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ മുഖ്യാതിഥി ആയിരുന്നു. യാത്രാ പ്രേമിയും ചലച്ചിത്രകാരനുമായ അജിത് നായർ സദസിനു പുസ്തകം പരിചയപ്പെടുത്തി.
ഒഐസിസി വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു, മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര, അലക്സ് മഠത്തിൽ, നോവലിസ്റ്റ് ആദർശ് മാധവൻകുട്ടി, ബഹറിൻ കേരളീയ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, യാത്ര സമിതി മുൻ ചെയർമാൻ കെ.ടി. സലിം, പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ധീൻ പൂവാർ, ഐടി സംരംഭകയും കണ്ണൂർ ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ഹർഷ ശ്രീഹരി, അജിത് കണ്ണൂർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
NRI
ഡാളസ്: മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന അബ്ദുൾ പുന്നയൂർക്കുളത്തിന്റെ "പറക്കും പക്ഷിയെ പ്രണയിക്കുന്നവർ' എന്ന നോവൽ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) 14-ാം ദ്വൈവാർഷികത്തിൽ പ്രകാശനം ചെയ്തു.
സംഘാടകനും വാഗ്മിയും എഴുത്തുകാരനുമായ ജെ. മാത്യൂസ് പുസ്തകത്തിന്റെ കോപ്പി സംഘാടകനും കവിയുമായ ജോസഫ് നമ്പിമഠത്തിനു നൽകി പ്രകാശനകർമം നിർവഹിച്ചു. നിർമ്മല ജോസഫ്, ഷിബു പിള്ള, സജി എബ്രഹാം, ഷാജു ജോൺ, ശങ്കർ മന, സാമുവൽ യോഹന്നാൻ എന്നിവർ സന്നിഹിതരായിരുന്നു.
ഈ നോവൽ ധൃതിപിടിച്ചുള്ള വിവാഹത്തെയും വിവാഹമോചനത്തെയും കുട്ടികളെ അമിതമായി ലാളിച്ചു അവരുടെ ഭാവി വഷളാക്കുന്നതിനെപ്പറ്റിയും പരാമർശിക്കുന്നു. പറക്കും പക്ഷിയെ പ്രണയിക്കുന്നവർ എന്ന ശീർഷകം അർഥമാക്കുന്നത് കൈയിലിരിക്കുന്ന പക്ഷിയെ വിട്ടു പറക്കുന്ന പക്ഷിയെ പിടിക്കുന്നു എന്ന ആപ്തവാക്യമാണ്.
സാഹിത്യകാരൻ സാംസി കൊടുമൺ പുസ്തകo പരിചയപ്പെടുത്തി. അബ്ദുൾ പുന്നയൂർക്കുളം നന്ദിയും പറഞ്ഞു. എച്ച് ആൻഡ് സി പബ്ലിക്കേഷൻ ആണ് പുസ്തകം വിതരണം ചെയ്യുന്നത്.